കോന്നി: ടൗൺ സ്ക്വയർ യാഥാർഥ്യമാകുന്നു. കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്താണ് ടൗൺ സ്ക്വയർ നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ആദ്യഘട്ടമായി ആന്റോ ആന്റണി എംപിയുടെ വികസനഫണ്ടിൽ നിന്നും 30 ലക്ഷം രൂപ മുടക്കി ഓപ്പൺ സ്റ്റേജ് നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ഓപ്പൺ സ്റ്റേജിൽ ഗ്രീൻ റൂം, ഡിജിറ്റൽ സ്ക്രീൻ, വൈദ്യുതീകരണം, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഗ്രാമപഞ്ചായത്ത് ശുചിമുറികൾ, സൗന്ദര്യവത്കരണം എന്നിവയ്ക്കായി പദ്ധതി തയാറാക്കി വരികയാണ്. വൈകുന്നേരങ്ങളിൽ ആളുകൾക്ക് ഒത്തുകൂടുന്നതിനും പ്രദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് പ്രസിഡന്റ് റോജി ഏബ്രഹാം പറഞ്ഞു. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഓണത്തിന് നിർമാണം ആരംഭിക്കുന്ന തരത്തിലേക്ക് വേഗത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പ്രസിഡന്റ് അറിയിച്ചു.